തിരുവനന്തപുരത്ത് വേൾഡ് ട്രേഡ് സെന്റർ സ്ഥാപിക്കുന്നതിന് ടെക്നോപ്പാർക്ക് സി.ഇ.ഒ കേണൽ സഞ്ജീവ് നായർ (റിട്ട)ഡും ബ്രിഗേഡ് എന്റർപ്രൈസസ് എക്സിക്യൂട്ടീവ് ചെയർമാൻ ശ്രീ എം.ആർ.ജയശങ്കറും ധാരണപത്രം മുഘ്യമന്ത്രിയുടെ സാനിധ്യത്തിൽ കൈമാറി. ചടങ്ങിൽ ചീഫ് സെക്രട്ടറി ശ്രീമതി സാരദ മുരളീധരൻ ഐ.എ.എസ്, ഇ & ഐ.ടി സെക്രട്ടറി ഡോ. രതൻ യു കെൽക്കർ ഐ.എ.എസ്, ബ്രിഗേഡ് എന്റർപ്രൈസസ് ലിമിറ്റഡ് സി.ഒ.ഒ ശ്രീ.ഹൃഷികേഷ് നായർ, ബ്രിഗേഡ് എന്റർപ്രൈസസ് ലിമിറ്റഡ് ജോയിന്റ് എം.ഡി. ശ്രീമതി നിരൂപ ശങ്കർ, ബ്രിഗേഡ് വേൾഡ് ട്രേഡ് സെന്ററുകളുടെ എം.ഡി. ശ്രീ. വിനീത് വർമ എന്നിവർ സന്നിഹിതരായിരുന്നു.
“ടെക്നോപ്പാർക്കിന്റെ നിലവിലുള്ള ഐടി ഇൻഫ്രാസ്ട്രക്ചറിന് വേൾഡ് ട്രേഡ് സെന്റർ തരുന്ന പ്രീമിയം ഓഫീസുകൾ വലിയ ഉത്തേജനമാകും. ടെക്നോപ്പാർക്കിൽ കൂടുതൽ ഗ്രേഡ് എ ഓഫീസുകൾ ലഭ്യമാകുന്നതോടെ, പാർക്ക് കൂടുതൽ ഐടി/ഐടിഇഎസ് കമ്പനികളെയും നിക്ഷേപങ്ങളെയും ആകർഷിച്ച് തിരുവനന്തപുരത്തെ ഒരു പ്രമുഖ ഐടി ഡെസ്റ്റിനേഷൻ ആക്കാൻ സാധിക്കും,” എന്ന് ടെക്നോപ്പാർക്ക് സി.ഇ.ഒ കേണൽ സഞ്ജീവ് നായർ (റിട്ട.) പറഞ്ഞു.
“വേൾഡ് ട്രേഡ് സെന്റർ കൊച്ചിയുടെ വിജയത്തോടെ പ്രോത്സാഹിതരായി, കേരളത്തിന്റെ രണ്ടാം വേൾഡ് ട്രേഡ് സെന്റർ തിരുവനന്തപുരത്തേക്ക് കൊണ്ടുവരാൻ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഒരു മില്യൺ ചതുരശ്ര അടി പ്രീമിയം ഓഫീസുകൾ ഉൾപ്പെടെയുള്ള വികസന പദ്ധതികളോടൊപ്പം ബിസിനസ് ക്ലാസ് ഹോട്ടലും ഇതിൽ ഉൾപ്പെടുന്നു. ഇത് നഗരത്തിന് ഒരു അന്താരാഷ്ട്ര സാങ്കേതിക നാഴികക്കല്ലായി മാറും. ലോകോത്തര അനുഭവങ്ങൾ ഞങ്ങളുടെ ക്ലയന്റുകൾക്ക് നൽകുന്നതിൽ ബ്രിഗേഡിന് പ്രത്യേക ശ്രദ്ധയുണ്ട്, വേൾഡ് ട്രേഡ് സെന്റർ തിരുവനന്തപുരം അതിന്റെ ഭാഗമാണ്,” ബ്രിഗേഡ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ ശ്രീ. എം. ആർ. ജയശങ്കർ പറഞ്ഞു.
ടെക്നോപ്പാർക്ക് ഫേസ് 1 ൽ ബ്രിഗേഡ് എന്റർപ്രൈസസ് ലിമിറ്റഡ് ഇതിനകം ബ്രിഗേഡ് സ്‌ക്വയർ എന്ന ഐടി കെട്ടിടം നിർമ്മിച്ചു വരുന്നു. അതേ സ്ഥലത്ത് ഗ്രേഡ് എ ഐടി ഓഫീസുകൾ, ബിസിനസ് മീറ്റിംഗ്, ഇവന്റുകൾ, കോൺഫറൻസുകൾ എന്നിവയ്ക്ക് അനുയോജ്യമായ സൗകര്യങ്ങളോടെ ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ ഉൾപ്പെടുന്ന വേൾഡ് ട്രേഡ് സെന്റർ സ്ഥാപിക്കാൻ കമ്പനി താൽപര്യം പ്രകടിപ്പിച്ചു.